Wednesday, December 14, 2011

കേരള രാഷ്ട്രീയക്കാർ പീലത്തോസുമാരാവുമ്പോൾ...!!!!

പ്രധാനമന്ത്രിയുമായി ഇന്നലെ നടത്തിയ സർവ്വകക്ഷി യോഗത്തിനു ശേഷം ആണ് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നിരന്ന രാഷ്ട്രീയക്കാർ കൈകഴുകി മുല്ലപ്പെരിയാറിന്റെ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ല എന്ന് പ്രഖ്യാപിച്ചത്. ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാവരും സമരമുഖത്ത് നിന്ന് പിന്മാറാൻ കാണിക്കുന്ന വെമ്പൽ കണ്ടപ്പോൾ ഈ സമരം എങ്ങനെയെങ്കിലും ഒന്ന് അവസാനിപ്പിച്ച് കിട്ടാനായി എല്ലാവരും കാത്തിരിക്കുകയായിരുന്നു എന്ന് ചിന്തിച്ചാൽ ആരെയും കുറ്റം പറയാനാകില്ല. മുറുമുറുപ്പ് ഉയർത്തിയ ചുരുക്കം ചിലരും ഭൂരിപക്ഷ അഭിപ്രായത്തിനു മുന്നിൽ കീഴടങ്ങുന്നതാണ് പിന്നെ കണ്ടത്. നാടിനും നാട്ടുകാർക്കും വേണ്ടി ചിലതെങ്കിലും ചെയ്യാനുള്ള സമയത്ത് രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യം വെക്കുന്നത്  വിവിധ വിഷയങ്ങളിൽ മുമ്പും പലതവണ ഇതൊക്കെ കണ്ടതാണെങ്കിലും പലചോദ്യങ്ങളും ചോദിക്കാനുണ്ട് സാർ..

പ്രധാനമന്ത്രിയുടെ വാക്കാലുള്ള ഒരു ഉറപ്പിന്മേൽ (രാഷ്ട്രീയക്കാരുടെ ഉറപ്പിന്റെ ഉറപ്പിനെപ്പറ്റി രാഷ്ട്രീയക്കാരായ നിങ്ങൾക്ക് തന്നെ പറഞ്ഞ് തരേണ്ട കാര്യം ഇല്ലല്ലോ)  സമരം അവസാനിപ്പിക്കാനായിരുന്നെങ്കിൽ എന്തിന് ഇങ്ങനെ ഒരു സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടു സാർ?. അതിനായി എന്തിന് കുഞ്ഞ് കുട്ടികളടക്കം ലക്ഷക്കണക്കിന് ജനങ്ങളെ തെരുവിലിറക്കി?

ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് വരും വരെ ഒരു വിധത്തിലുള്ള ചർച്ചക്കും തയ്യാറല്ലെന്ന് തമിഴ്നാട് തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ പിന്നെ എന്ത് സമവായമാണ് കേന്ദ്രഗവണ്മെന്റ് ഉണ്ടാക്കുക സാർ.?

സത്യത്തിൽ കേരളത്തിന് അനുകൂലമായ ഒരു നിലപാട് ഉണ്ടാകില്ല എന്ന് അറിഞ്ഞിട്ടും (ഇടക്കാല റിപ്പോർട്ടിൽ സ്ഥിതിഗതികൾ അങ്ങേയറ്റം ആശങ്കാജനകമൊന്നുമല്ലെന്ന് പരാമർശമുണ്ടത്രേ) നാം ഈ റിപ്പോർട്ടിനായി കാത്തിരിക്കണോ സാർ.?

സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതും അത് പഠിച്ച് സർക്കാരും, നീതിപീഡവും ഒരു തീർപ്പ് കൽപ്പിക്കുന്നതും വരെ അണക്കെട്ട് പൊട്ടാതെ നിൽക്കുമോ സാർ?

കരാർ റദ്ദാക്കി കേരളത്തിന് അണക്കെട്ട് ഏറ്റെടുക്കാമെന്നും, പുതിയ അണക്കെട്ട് കേരളത്തിന്റെ ഭൂമിയിൽ നിർമ്മിക്കാമെന്നും ഇരിക്കെ എന്തിന് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ വെച്ച് രാഷ്ട്രീയം കളിക്കുന്നു സാർ.?


സത്യത്തിൽ രണ്ട് ദേശീയ പാർട്ടികൾ അതിശക്തമായി നിലകൊള്ളുന്ന കേരളത്തിനേക്കാൾ വളരെ നന്നായി ഈ വിഷയത്തിൽ പ്രകടനം നടത്താൻ പ്രാദേശിക രാഷ്ട്രീയം കളിക്കുന്ന തമിഴ് നാടിന് സാധിക്കുന്നു. നമ്മൾ മുല്ലപ്പെരിയാർ വേണമെന്ന് പറയുമ്പോൾ അവർ ഇടുക്കി വേണമെന്ന് പറയുന്നു. ഏത് വിധത്തിൽ കൂട്ടിയാലും ലാഭം തമിഴ്നാടിനു തന്നെ.

ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദേശീയകക്ഷികൾക്ക് തമിഴ്നാടിനെ പിണക്കാനാകില്ല. കേരളത്തിലെ പ്രതിപക്ഷം തമിഴ്നാട്ടിൽ ഭരണപക്ഷമാണ്. ഞങ്ങളും ഒന്ന് തമിഴ്നാട്ടിൽ കൊടിനാട്ടി, യൂണിയൻ ഉണ്ടാക്കി പച്ചപിടിച്ചോട്ടെ സാർ അതിനിടക്കെന്തിനാ നിങ്ങൾ ഈ മുല്ലപ്പെരിയാർ എന്നൊക്കെ പേശി പ്രശ്നം ഉണ്ടാക്കുന്നത് എന്ന് പിബി പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റുമോ?

ഇത്തവണ ശ്രമിച്ചിട്ട് നടന്നില്ല, ഇനി അടുത്ത തവണയെങ്കിലും ജയലളിതയുമായി കൈകോർക്കാൻ വെമ്പി നിൽക്കുന്ന കോൺഗ്രസ്സിനും മറിച്ചൊന്നും ചിന്തിക്കാനുണ്ടാവില്ലല്ലോ. 

അപ്പോ പിന്നൊ ആർക്കാണ് സാർ മുല്ലപെരിയാറിന്റെ പേരിൽ ഇത്ര പ്രശ്നം.... ഒലിച്ച് പോകാൻ റെഡി ആയി നിൽക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളേ നിങ്ങൾക്കോ.... നിങ്ങളും പേടിക്കേണ്ട നിങ്ങൾക്കെല്ലാം ഉള്ള നീന്തൽ വസ്ത്രങ്ങൾ സർക്കാർ (തമിഴ്നാട് ?...!! ) ചെലവിൽ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യാം... പിന്നെ എന്തിനു പേടി...!!!

ഇനിയിപ്പോ രണ്ട് കാര്യങ്ങളേ ചെയ്യാനുള്ളൂ... ഒന്നുകിൽ ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് നമുക്ക് അനുകൂലമാവണേ എന്ന് ഡിങ്കനോടോ മറ്റേതെങ്കിലും ദൈവത്തോടോ മുട്ടിപ്പായി പ്രാർത്ഥിക്കുക.. അല്ലെങ്കിൽ മിണ്ടാതിരുന്ന് ഡാം പൊട്ടുന്നതും കാത്ത് കാത്ത് ഇരിക്കുക. 

എന്തൊക്കെ തന്നെ ആയാലും മുല്ലപ്പെരിയാറേ.... ഡാമേ...നിനക്ക് നീ തന്നെ തുണ..!!!

Friday, April 8, 2011

മുഴങ്ങട്ടേ ദ്രുത താളം....

മുഴങ്ങട്ടേ ദ്രുത താളം..
മനസ്സിലിന്നതി വേഗം.
തളരട്ടേ ദുഷ്ടശക്തി-
പ്പടകളിന്നതിലേറെ.


തണുപ്പാര്‍ന്ന സിരകളേ-
ഉണര്‍ത്തുവാന്‍ ധമനിയില്‍
ചുടുരക്ത പ്രവാഹമിന്നൊ-
രുങ്ങട്ടേ നിമിഷത്തില്‍.


നടമാടി മടുത്തൊരീ-
യുവത്വത്തിന്‍ തുടിപ്പുകള്‍
അറിയട്ടേ സത്യത്തിന്‍
സുന്ദരമാമീ ദിനം.


ഉയരട്ടേ ജയഭേരി
തളരട്ടേ ദുഷ്ക്കര്‍മ്മികള്‍
മാറ്റത്തിന്‍ പുതു നാമ്പില്‍
നന്മകള്‍ നിറയട്ടേ.


മുഴങ്ങട്ടേ ദ്രുത താളം..
മനസ്സിലിന്നതി വേഗം.
മാറ്റത്തിന്‍ പുതു നാമ്പില്‍
നന്മകള്‍ നിറയട്ടേ.

Friday, March 25, 2011

നമുക്ക് എവിടെയാണ് പിഴച്ചത്...?

കഴിഞ്ഞ ദിവസം വൈകുന്നേരം മാളിലെ ഷോപ്പിങ്ങിനിടെ പഴയ ഒരു സുഹ്രുത്തിനെ കണ്ടു മുട്ടി.പ്രായത്തില്‍ എന്നേക്കാള്‍ കുറേ മൂത്തതാണെങ്കിലും നാട് വിട്ടാല്‍ പിന്നെ എല്ലാവരും നമുക്ക് സുഹ്രുത്തുക്കള്‍ ആയതിനാല്‍ അദ്ധേഹത്തെയും എന്റെ സുഹ്രുത്ത് എന്നു വിളിക്കാം.

വളരെക്കാലം മുമ്പേ തന്നെ മണലാരണ്യത്തിലേക്ക് ജീവിതം പറിച്ചുനട്ട ഒരു പക്കാ മലപ്പുറം കാരന്‍. യുഎഇ യില്‍ വന്ന കാലത്ത് ഇടക്കൊക്കെ പരസ്പരം കണ്ടിരുന്നതാണ്, ജോലിത്തിരക്കും മറ്റുമായി ഇടക്ക് വെച്ച് ബന്ധപ്പെടാതായി. സൌഹ്രുദ സംഭാഷണത്തിനിടക്ക് അടുത്ത ആഴ്ച നാട്ടിലേക്ക് പോവുകയാണെന്ന് സന്തോഷത്തോടെ പറഞ്ഞു അങ്ങേര്‍.സുഹ്രുത്തുക്കളോ ബന്ധുക്കളോ നാട്ടിലേക്ക് പോകുന്നു എന്ന് കേള്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നാറുണ്ട്. അതു പോലെ തന്നെ ഓരോരോ കാരണങ്ങള്‍ കൊണ്ട് എനിക്ക് പോകാന്‍ ആവുന്നില്ലല്ലോ എന്ന സങ്കടവും പോകുന്നവരോട് ഒരു ചെറിയ അസൂയയും പതിവാണ്.

പോകുന്നതിന്റെ കാരണവും പറഞ്ഞു. മൂത്ത മകളുടെ കല്യാണം ആണത്രേ..

ചെറുക്കന്റെ ചുറ്റുപാടുകളും ജോലിയും മറ്റും തിരക്കി.തെറ്റില്ലാത്ത കുടുംബം, അത്യാവശ്യം വിദ്യാഭ്യാസം ഒക്കെ ഉള്ള ചെറുക്കന്‍.

പെണ്ണിനെ പറ്റി പറഞ്ഞതോടെ എന്റെ എല്ലാ സന്തോഷവും പൊയ്പോയി.

പെണ്ണ് പഠിക്കുന്നത് പത്താം ക്ലാസ്സില്‍..!! എങ്ങനെ കണക്ക് കൂട്ടിയാലും പെണ്ണിന് ഒരു പതിനാല് - പതിനഞ്ചില്‍ കൂടില്ല പ്രായം.. പാവം പെണ്‍കുട്ടി...!!

ഇത്ര ചെറുപ്പത്തിലേ തന്നെ കുട്ടിയെ കെട്ടിച്ച് വിടുന്നതിന്റെ കാരണം നിരത്താനുള്ള അങ്ങേരുടെ വ്യഗ്രത കണ്ടപ്പോള്‍ തന്നെ അരുതാത്തത് എന്തോ ചെയ്യുകയാണെന്ന് അങ്ങേര്‍ക്ക് മനസ്സാക്ഷിക്കുത്ത് ഉണ്ടെന്ന് വ്യക്തം.

" ഓളെ കണ്ടാല്‍ തന്നെ നല്ല പ്രായം തോന്നിക്കുന്നുണ്ടെന്ന് നാട്ടുകാരും വീട്ടുകാരും ഒക്കെ പറയുന്നു. വല്യകുട്ടിയായി എന്ന് തോന്നിയപ്പോ എനിക്കും തോന്നി എന്നാ ഓളെ കെട്ടിച്ച് വിട്ടുകളയാം ന്ന് "

പ്രായത്തിലും കൂടിയ ശരീര വളര്‍ച്ച ഉള്ളത് കോണ്ടാണ് അവളെ കെട്ടിച്ച് വിടുന്നതത്രേ...!!

സ്വന്തം അച്ഛന്‍ തന്നെ അങ്ങനെ പറയുമ്പോള്‍ പിന്നെ ആരെന്ത് പറഞ്ഞിട്ടെന്താവാന്‍...


സുഹ്രുത്തിനെ യാത്രയാക്കി ഷോപ്പിങ്ങ് അവസാനിപ്പിച്ച് വേഗം വീട്ടില്‍ തിരിച്ചെത്തിയിട്ടും ആ പെണ്‍കുട്ടി തന്നെ ആയിരുന്നു മനസ്സില്‍.

ഇത്ര ചെറുപ്പത്തിലെ തന്നെ ഭാര്യയും ഒരു പക്ഷെ പിന്നെയും ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അമ്മയും ആവേണ്ടി വരുന്ന ഒരു കൊച്ച് കുട്ടി...!! ഒരു പെണ്‍കുട്ടിക്ക് വിവാഹിതയാവാന്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പ്രായത്തിലെത്താന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടവള്‍. കളിച്ച് ചിരിച്ച് നടക്കേണ്ട പ്രായത്തില്‍ മണിയറയിലേക്ക് കാലെടുത്ത് വെക്കേണ്ടി വരുന്നവള്‍. പ്രാഥമിക വിദ്യാഭ്യാസം പോലും മുഴിമിപ്പിക്കാത്തവള്‍.. ഒരു പക്ഷേ ഒരു കാലത്ത് അവള്‍ക്ക് വിവാഹ മോചനമോ മറ്റോ നേരിടേണ്ടി വന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ കൈയില്‍ ഒരു പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് പോലും കൈയില്‍ ഇല്ലാത്തവള്‍...


രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതായപ്പോള്‍ ആ സുഹ്രുത്തിനെ പ്രാകി കൊണ്ട് എണീറ്റിരുന്നു. ആ കൊച്ച് കുട്ടിയുടെ കരച്ചിലാണ് മനസ്സില്‍ നിറയെ..പിന്നെ എപ്പൊഴോ ഞാന്‍ ആ സുഹ്രുത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ തുടങ്ങി. കഴുകന്‍ കണ്ണുകളുമായി റഞ്ചാന്‍ വരുന്ന ഗോവിന്ദച്ചാമിമാരില്‍ നിന്നും ആ കൊച്ച് പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ പാടുപെടുന്ന ഒരു പാവം മനുഷ്യന്‍... ജീവിതത്തിന്റെ നല്ലൊരു പങ്കും കുടുംബത്തിനും വീട്ടുകാര്‍ക്കുമായി കഷ്ടപ്പെട്ട് മണലാരണ്യത്തില്‍ ചെലവഴിച്ചവന്‍.. സ്വന്തം കുഞ്ഞിന്റെ വിവാഹം പോലും മറ്റുള്ളവരുടെ ആഗ്രഹത്തിനും തീരുമാനങ്ങള്‍ക്കും അനുസരിച്ച് നിയമവ്യവസ്ഥക്കെതിരായി നടത്തിക്കൊടുക്കേണ്ടി വരുന്നവന്‍...


എന്തൊക്കെ പറഞ്ഞാലും ഒരു അനീതി ആണ് നടക്കുന്നത്. അതും നിയമത്തിനെതിരായി...ഞാന്‍ ആരുടെ ഭാഗത്താണെന്ന് എനിക്കു തന്നെ സംശയമായി..


നാളെ മണിയറയിലേക്ക് നയിക്കപ്പെടുന്ന ആ എട്ടും പൊട്ടും തിരിയാത്ത കൊച്ച് പെണ്‍കുട്ടിയുടെ കൂടെയോ.. അതോ ഒരു പെണ്‍കുട്ടി ജനിച്ചു പോയി എന്ന കുറ്റം ചെയ്ത ആ പാവം മനുഷ്യന്റെയോ..?

പറയൂ സുഹ്രുത്തുക്കളേ.. നമുക്ക് എവിടെയാണ് പിഴച്ചത്...?


Saturday, March 5, 2011

Spend Few Minutes and Save The Earth...!!!!

 CONTRIBUTE TO A NOBLE CAUSE  There is a cute small round press button at the bottom right corner of almost all monitors: Please make use of this.
   
Stop printing out Harry Porter, Jeffrey Archer and other e-books. This is a classic example of paper wastage.


  
If you have forgotten to give double-side prints, make sure you make use of the empty sides as scribbling pads or for your kids' imposition! 

 
Take two minutes from your busy schedule before hurrying back home to shut down the computer.
All of us are big time Googlers. Have you heard of the Blackle search engine? Blackle (Google powered) is a search engine designed all in Rich Black so that your system consumes less power. So change your homepage.
   Plastic bags these days indeed come in bright and flamboyant colours and tempt us to take them home with us. But the saying, "Appearances are deceptive" holds true for these plastic things too. Next time, hold back or go prepared to counter temptation with a cloth bag.
 
 

Roses, Jasmine, Hibiscus and Peas; All these saplings cost hardly between Rs 10 - 20 each. Can't we afford to plant these in and around our houses? Also, more importantly, caring and maintain them as they grow?


   

 
Try to segregate the different kinds of waste into Bio-Degradable (Fruit or vegetable waste) , Recyclable (waste Paper, paper products) and Electronics (Floppy disks, CD-ROMS ). Once you have segregated your thrash, look for specialized trash cans to throw them away. 

Try to minimize the use of horns. Honking has drastically increased and this adds to the noise pollution and does not provide a conducive environment to live in.Use rechargeable batteries though it's an expensive product, it's one-time purchase. Recharge when required. (Same applies to cell-phones, MP3s, iPods and Laptops)
   
The best pens to use would be ink ones. Though if you have to use a ball point pen, buy refills instead of buying new pens. Pencils are much better for rough use! (That's why we used it at school!!!)    Remember to close water taps before preening in front of the mirror. Of course you are beautiful, but Water is a precious resource! Let's not just wake up and walk out of finished meetings and conferences with a sigh of relief, let us remember to turn off the lights and projectors too.

Take few minutes to learn about topics like 'Global Warming' , 'Air / Noise /Land / Water Pollution ' etc apart from constant surfing of News, Latest Gadgets, Movies and Music.  

Spread this message to your friends and colleagues. They too can make a difference.
  
The Earth has already become a dangerous place to live in for the animals and birds. Soon it might be our turn. So let's pledge to save our beautiful planet so that you and your future generations can live happily and peacefully ever after.
 

 

Save the PlanetRunning a half empty machine, taking a bath instead of a shower or leaving the light on for no reason destroys the planet. Remember: turn your monitor off along with the computer, unplug chargers if you don't use them and use water wisely.A bit of attention can go a long way!Source email. Copyright reserved to the owner of the data & image.

Tuesday, February 22, 2011

ഒരു കൊച്ചു പ്രേമലേഖനം

നായകന്‍ എന്റെ സുഹൃത്ത്‌. കോളേജില്‍ ഒപ്പം പഠിക്കുന്നു. ആള്‍ ഒരു അടി പൊളി പാര്‍ട്ടി ആണ്. അവനു എല്ലാ പെണ്ണുങ്ങളോടും നല്ല കമ്പനി, കത്തി വെക്കല്‍ ഒക്കെ ആയി ജോളി ആയി നടക്കുന്നു.
 
സെക്കന്റ്‌ ഇയര്‍ ആയപ്പോള്‍ വേറെ ഒരു കോളേജില്‍ നിന്നും ഒരു സുന്ദരിക്കുട്ടി ഞങ്ങടെ കോളേജില്‍ ജോയിന്‍ ചെയ്തു. ആള് വളരെ ക്യുട്ട്. പഠിക്കാന്‍ മിടുക്കി. അത്യാവശ്യം എഴുത്ത് ഒക്കെ ഉണ്ട്. ആങ്ങള മലയാളം അദ്ധ്യാപകന്‍ ആണ്. അപ്പൊ അവനു അവളോട്‌ ഭയങ്കര പ്രേമം. അവന്‍ പറയുന്നത് വെച്ച് നോക്കിയാല്‍ അവനു ആദ്യമായി ഒരു പെണ്ണിനോട് യഥാര്‍ത്ഥ പ്രേമം തോന്നി എന്ന്. പക്ഷേ ആ പെണ്ണിനോട് പറയാനും മിണ്ടാനും ഒക്കെ പേടി. വേറെ ഏതു പെണ്ണിനെ കണ്ടാലും അവന്‍ ആള് പുലി. അവളുടെ മുന്നില്‍ മാത്രം എലി.
 
അവസാനം അത്യാവശ്യം സാഹിത്യം എഴുത്ത് ഒക്കെ ഉണ്ടായിരുന്ന എന്നെ അവന്‍ കൂട്ട് പിടിച്ചു. ഒരു പ്രേമ ലേഖനം വേണം.... ഞാന്‍ മൂന്നാല് ദിവസം ഉറക്കം ഒഴിച്ചിരുന്നു ഇല്ലാത്ത പ്രേമം സങ്കല്പിച്ചു ഒരു യമണ്ടന്‍ കാവ്യം റെഡി ആക്കി. രണ്ടു പേജില്‍ ഫുള്‍ ആയി ഉണ്ടാരുന്നു.
 
അത് സ്വന്തം കൈപ്പടയില്‍ മാറ്റി എഴുതേണ്ടത് അവന്റെ ചുമതല. മലയാളം അക്ഷരങ്ങള്‍ മുതല്‍ സാഹിത്യം, കവിത വരെ അവനെ എനിക്ക് പഠിപ്പിക്കേണ്ടി വന്നു ഒന്ന് മാറ്റി എഴുതാന്‍. മാറ്റി എഴുതേണ്ടത് എന്റെ കൂടി ആവശ്യം ആയതു കൊണ്ട് (അല്ലേല്‍ എന്റെ കൈ അക്ഷരം പിടിക്കപെട്ടലോ) ഞാന്‍ ക്ഷമിച്ചു.
 
അവന്റെ വക ചെലവ് ഫുഡ്‌ അടിച്ചോണ്ടാണ് മാറ്റി എഴുത്ത്. ഏകദേശം 3  മണിക്കൂര്‍ കൊണ്ട് അവന്‍ രണ്ടു പേജ് അടിപൊളി സാഹിത്യവും ഞാന്‍ അടി പൊളി ഫുഡും തീര്‍ത്തു. 
 
ഞാന്‍ കൈ കഴുകാന്‍ പോയ തക്കത്തിന് അവന്‍ ഒരു എക്സ്ട്രാ എഫ്ഫക്റ്റ്‌ ഇട്ടു (അത് സസ്പെന്‍സ്) ...?
 
 
ഞാന്‍ കൈ കഴുകി തിരിച്ചു വന്നപ്പോളേക്കും അവന്‍ ലേഖനം ഒരു കവറില്‍ ഇട്ടു ഒട്ടിച്ചു ഭദ്രമായി വെച്ചിട്ടുണ്ടാരുന്നു. അത് അവളുടെ കൈയില്‍ എത്തിക്കുന്ന ജോലി ഞങ്ങളുടെ ഒരു പെണ്‍ സുഹൃത്ത് ഏറ്റെടുത്തു. അങ്ങനെ ലേഖനം നായികയുടെ കൈയില്‍ എത്തി.
 
അവള്‍ വായിച്ചു വായിച്ച് മതിപ്പ്‌ തോന്നി പ്രേമത്തില്‍ വീഴാന്‍ റെഡി ആയി നില്‍ക്കുന്നു. (കാല്‍ വിരല്‍ കൊണ്ട് ചിത്രം വരച്ചോ എന്ന് തിരക്കിനിടയില്‍ ശ്രദ്ധിക്കാന്‍ മറന്നു) മറഞ്ഞു നിന്ന് ഞങ്ങള്‍ അത് കണ്ടോണ്ടിരിക്കുന്നു. കത്തിന്റെ അവസാന ഭാഗം ആയപ്പോള്‍ അവളുടെ മുഖം മാറി, ഉള്ളിലെ ദേഷ്യം മുഖത്ത് നിന്ന് വായിച്ച് എടുക്കാം.
 
ഞങ്ങളുടെ പെണ്‍ സുഹൃത്തിനോട്‌ എന്തൊക്കെയോ കയര്‍ത്തു സംസാരിച്ചിട്ടു (ഭ്രാന്തന്‍ എന്നൊ മറ്റൊ ഉള്ള രണ്ടു മൂന്നു വാക്കുകള്‍ മാത്രമേ ഞങ്ങള്‍ കേട്ടുള്ളൂ) അവള്‍ കത്ത് രണ്ടു മൂന്നു കഷണം ആയി വലിച്ചു കീറി ദൂരെ എറിഞ്ഞു. എന്നിട്ട് ഒറ്റ പോക്ക്. എനിക്ക് കാര്യം ഒന്നും മനസ്സിലായില്ല. അവനാണെങ്കില്‍ ആകെ തകര്‍ന്നു നില്‍ക്കുന്നു. ഞാന്‍ ഞങ്ങളുടെ സുഹൃത്ത്‌ പെണ്‍കുട്ടിയുടെ അടുത്തേക്ക് ഓടി. അവള്‍ അതിലേറെ ദേഷ്യത്തില്‍. ഇനി ഇമ്മാതിരി പരിപാടിക്ക് അവളെ വിളിച്ചാല്‍ എന്നെ ശരിയാക്കും എന്ന് അവള്‍...
 
ഒരു എത്തും  പിടിയും കിട്ടാതെ ഞാന്‍ അവള്‍ കീറി ദൂരെ എറിഞ്ഞ കത്തിന്റെ കഷണങ്ങള്‍  തറയില്‍ ചേര്‍ത്ത് വെച്ച് നോക്കിക്കൊണ്ട് കുനിഞ്ഞു നിലത്തു ഇരുന്നു. ഞാന്‍ വായിച്ചിട്ടും കുഴപ്പങ്ങള്‍ ഒന്നും കണ്ടു പിടിക്കാന്‍ ആവുന്നില്ല. രണ്ടാമത്തെ പേജ് എത്തി. അവിടം വായിച്ചപ്പോളായിരുന്നു അവളുടെ ഭാവം മാറിയത്. എന്താ കുഴപ്പം എന്നറിയാന്‍ ഞാന്‍ ഓരോ വരിയും ഓടിച്ചു വായിച്ചു. വായിച്ചു വായിച്ചു പേജു തീരാനായി. അവിടെ അവസാനമായി അവന്‍ എക്സ്ട്രാ എഫെക്ടിനു വേണ്ടി അവന്‍ ഒരു ലവ് ചിഹ്നം വരച്ചു വെച്ചിരിക്കുന്നു.  ഞാന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ നിരാശനായി അവന്‍ എന്റെ മുന്നില്‍. ലവ് ചിഹ്നം വരക്കാനായി മുറിച്ച അവന്റെ വിരലില്‍ നിന്നും അപ്പോഴും ചോര ഇറ്റു വീഴുന്നുണ്ടായിരുന്നു........
 

Wednesday, February 9, 2011

പുളിമാവും അവളും പിന്നെ അവനും

അവള്‍ പതിയെ വേലിക്കിടയിലെ വിടവിലൂടെ നൂഴ്ന്നു കയറി. എന്നിട്ട് ആളൊഴിഞ്ഞ പറമ്പിലൂടെ തന്റെ പ്രിയപ്പെട്ട പുളിമാവു ലക്ഷ്യമാക്കി നടന്നു.

********************************


ഇടത്തരം  പട്ടണത്തിലെ ഒരു ഫാന്‍സി സ്റ്റോറില്‍ ജോലി കിട്ടിയപ്പോള്‍ അവന്‍ സന്തോഷിച്ചു. പണിയൊന്നും ഇല്ലാതെ തെക്ക് വടക്ക് നടക്കുന്നവന്‍ എന്ന അമ്മയുടെയും നാട്ടുകാരുടെയും പഴി ഇനി കേള്‍ക്കേണ്ടല്ലോ. അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കൂലി വേല ചെയ്തു തന്നെ ഇത്രയും ആക്കി. പ്രീ-ഡിഗ്രി വരെ പഠിപ്പിച്ചു. ഒരു താങ്ങായി നില്‍ക്കേണ്ടവന്‍ എല്ലാ പ്രതീക്ഷയും തകര്‍ത്ത് ഉഴപ്പി നടന്ന് പ്രതീക്ഷിച്ച പോലെ എല്ലാ പരീക്ഷയിലും തോറ്റു.  ആ തോല്‍വി അമ്മയുടെ കൂടി തോല്‍വി ആണെന്ന് മനസ്സിലാക്കാന്‍ സമയം എടുത്തു. കൂടെ പഠിച്ചവര്‍ എല്ലാം ഉപരിപഠനത്തിനും മറ്റുമായി പലവഴിക്ക് പോയി. എന്നും കൂടെ ഉണ്ടാവും എന്ന് കരുതി ഇരുന്ന ഉറ്റസുഹൃത്തും ജോലി കിട്ടി ദൂരേക്ക്‌ പോയപ്പോള്‍ തോന്നിയ ഒറ്റപ്പെടലില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി ആണ് കിട്ടിയ ജോലി ചെയ്യാം എന്ന് വെച്ച് ഇങ്ങോട്ട് വണ്ടി കയറിയത്. ഒറ്റപ്പെടല്‍ എത്ര ഭയാനകം ആണെന്ന് ഇടയ്ക്കു ആലോചിക്കാറുണ്ട്. എങ്കിലും ജീവിതത്തില്‍ എന്നോ ഒറ്റപ്പെട്ട അമ്മയുടെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ ഇതെല്ലം എത്രയോ നിസ്സാരം. ഇനി എങ്കിലും അമ്മയെ നല്ലവണ്ണം നോക്കണം. അതിനു തല്ക്കാലം കിട്ടിയ പണിയില്‍ ഉറച്ചു നിന്നെ മതിയാവൂ.


മുതലാളിയുടെ ഇടയ്ക്കു ഉച്ചത്തില്‍ ഉള്ള ചീത്ത വിളി ഒഴിച്ചാല്‍, കടയില്‍ വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ല. ഇടത്തരം കട, നല്ല കച്ചവടം, രാവിലെയും വൈകുന്നേരവും നല്ല തിരക്ക്. ഉച്ചക്ക് തിരക്ക് കുറയുന്നതോടെ മുതലാളി കടയില്‍ നിന്നും ഇറങ്ങും ഒന്നൊന്നര കിലോമീറ്റര്‍ അകലെ ഉള്ള സ്വന്തം വീട്ടിലേക്ക്. ഇനി ഉച്ചയൂണും ചെറിയ ഒരു മയക്കവും കഴിഞ്ഞു വൈകുന്നേരം തിരക്കാവുന്നതിനു തൊട്ട് മുന്പേ തിരിച്ചു വരൂ. അത് വരെ കടയില്‍ താന്‍ തനിച്ച്.


ഉച്ചക്കുള്ള ഭക്ഷണം ദിവാകരേട്ടന്റെ കടയില്‍ നിന്നും കഴിച്ചു ഒരു  ഉച്ചമയക്കം, അത് കഴിഞ്ഞു തിരക്കാവുന്നതിനു മുന്പേ എണീറ്റ്‌ മുഖം കഴുകി ഒരു കടും ചായ. പിന്നെ അന്തിക്ക് കട അടക്കുവോളം തിരക്ക് തന്നെ ആയിരിക്കും.


അന്നും പതിവ് പോലെ ഉച്ചക്കുള്ള മയക്കത്തിനിടക്കാണ് മൊബൈല്‍ ഫോണ്‍ ചിലച്ചത്. അപ്പുറത്തെ തലക്കല്‍ അമ്മ. പതിവ് പോലെ തന്നെ പറ്റിയുള്ള വേവലാതി തന്നെ പ്രധാന പ്രശ്നം. സമയത്തിന് ഭക്ഷണം കഴിക്കണം, അലഞ്ഞു തിരിഞ്ഞു നടക്കരുത്, ജോലിയില്‍ ശ്രദ്ധിക്കണം തുടങ്ങിയ ഉപദേശങ്ങള്‍.  ഒരു വിധത്തില്‍ അമ്മയെ പറഞ്ഞു സമാധാനിപ്പിച്ചു ഫോണ്‍ വെച്ചു. ഇന്നിനി ഉറക്കം വരും എന്ന് തോന്നുന്നില്ല. ഒന്ന് ഇറങ്ങി രണ്ടടി നടന്നിട്ട് വരാം എന്ന് കരുതി അവന്‍ മുന്നോട്ടു നടന്നു.


കുറച്ചു മുന്നിലായി ഒരു സ്കൂള്‍ കുട്ടി നടന്ന് പോകുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്. പത്തടി നടന്ന് മുന്‍പിലായി കണ്ട വേലിയുടെ വിടവിലൂടെ അവള്‍ നൂഴ്ന്ന് ഇറങ്ങിപ്പോയി. വീട്ടിലേക്കുള്ള എളുപ്പ വഴി ആയിരിക്കാം. കൂടുതല്‍ ശ്രദ്ധിക്കാതെ മുന്‍പോട്ടു നടന്നു. റോഡ്‌ അവസാനിക്കുന്നത് ഒരു കൊച്ചു തോട്ടിലേക്കാണ്. അവിടുന്ന് അങ്ങോട്ട്‌ ഒരു തടിപ്പാലം കടന്നു വേണം മുന്‍പോട്ടു പോകുവാന്‍. തോട്ടിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകി കുറച്ചു സമയം പ്രകൃതി ഭംഗി ആസ്വദിച്ചു അവന്‍ അങ്ങനെ നിന്നു.


തിരിച്ചു പോന്ന വഴിയെ തനിക്കെതിര്‍ വശത്ത് നിന്നും വരുന്ന സ്കൂള്‍ കുട്ടികളെ കണ്ടപ്പോള്‍ വാച്ചിലേക്ക് നോക്കി. ഉച്ച ഊണിനു വിട്ടതാണ്. പെട്ടന്ന് നേരത്തെ തന്റെ മുന്നില്‍ നടന്ന് പോയ പെണ്‍കുട്ടിയെ ഓര്‍ത്തു. എന്താണ് അവള്‍ ആ നേരത്ത് ക്ലാസ്സില്‍ നിന്നും ഇറങ്ങി പോന്നത്. ഒരു പീരിയഡ് മുന്പേ ഇറങ്ങി പോകത്തക്ക എന്താണ് പറ്റിയിട്ടുണ്ടാവുക....? അതോ വല്ല അസുഖവും പിടി പെട്ട് നേരത്തെ പോന്നതാണോ, അതോ കാമുകനോ മറ്റോ ...? നടന്ന് വേലിയുടെ അടുത്തെത്തിയപ്പോള്‍ വിജനമായ ആ പറമ്പിലേക്ക് നോക്കി. ആളനക്കം ഇല്ലാത്ത പറമ്പ്. ഒരു പക്ഷെ തന്റെ ചിന്തകളെല്ലാം വെറുതെ ആയിരിക്കാം...


പിറ്റേന്ന് കടയില്‍ സാധനങ്ങള്‍ അടുക്കി വെക്കാനുള്ളത് കൊണ്ട് ഊണും ഉച്ചക്കുള്ള ഉറക്കവും എല്ലാം താമസിച്ചു. ഊണ് കഴിച്ചു മുഖം തുടച്ചു കൊണ്ട് കടയിലേക്ക് തിരിച്ചു കയറുന്നതിനിടെ റോഡിലൂടെ നടന്ന് പോയ ഇന്നലെ കണ്ട അതെ പെണ്‍കുട്ടിയെ ശ്രദ്ധിച്ചു. പെട്ടന്ന് വാച്ചിലേക്ക് നോക്കിയപ്പോള്‍ ഉച്ചക്ക് വിടാനുള്ള സമയം ആയിട്ടില്ല. കടയില്‍ കയറി ഇരുന്നു ആ പെണ്‍കുട്ടിയുടെ പോക്ക് ശ്രദ്ധിച്ചു. പതിമൂന്നു വയസ്സ് പ്രായം ഉള്ള ഒരു സുന്ദരിക്കുട്ടി. കണ്ടാല്‍ തന്നെ ആരും ഒന്ന് നോക്കി പോകുന്ന അത്ര മുഖശ്രീ. പുറകിലേക്ക് പിന്നിയിട്ട നീളന്‍ മുടി. അങ്ങാടിയിലെ തിരക്കിനെയും ആളുകളെയും ഒന്നും ശ്രദ്ധിക്കാതെ അവള്‍ അങ്ങനെ മുന്നോട്ടു നടക്കുന്നു.  വേലിയുടെ അതെ ഭാഗത്തെത്തിയപ്പോള്‍ അവള്‍ വിടവിലൂടെ നൂഴ്ന്ന് അകത്തേക്ക് കടന്ന് നടന്നു മറഞ്ഞു.


പിന്നീടുള്ള ദിവസങ്ങളിലും ആ സമയം ആകുമ്പോള്‍ ഉച്ച ഉറക്കം ഉപേക്ഷിച്ചു ആ പെണ്‍കുട്ടിയെ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്നും ആ പെണ്‍കുട്ടി പോകുന്ന സമയം കിറുകൃത്യം ആയിരുന്നു താനും. ഇടയ്ക്കു ഒരു ദിവസം ദിവാകരേട്ടനോട് ചോദിച്ചു ആ പറമ്പിന്റെ ചരിത്രം മനസ്സിലാക്കി. 30 ഏക്കറോളം വരുന്ന ആ പറമ്പ് പഴയ ഒരു ജന്മി തറവാട് ആയിരുന്നു. ഒരു വശത്ത് കൂടി ഒഴുകുന്ന പുഴ. ആ തറവാട്ടിലെ അവസാന കണ്ണി ഒരു ആണ്‍കുട്ടി ആയിരുന്നു. നന്നായി പഠിച്ചു ഉയര്‍ന്ന ജോലി സമ്പാദിച്ച അയാള്‍ പട്ടണത്തില്‍ തന്നെ വീട് വെച്ച് സ്ഥിരതാമസം ആക്കി. ഒറ്റക്കായി പോയ അമ്മയെ കൂടെ കൂട്ടാന്‍ പല വട്ടം വിളിച്ചെങ്കിലും പൂര്‍വ്വീകര്‍ ഉറങ്ങുന്ന മണ്ണില്‍ തന്നെ ഒടുങ്ങണം എന്ന് പറഞ്ഞു അമ്മ അന്ത്യകാലം വരെ അവിടെ തന്നെ കഴിച്ചു കൂട്ടി. 13 വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മയുടെ മരണശേഷം ആ പഴയ തറവാട് വലിയ വില നല്‍കി ഏതോ റിസോര്‍ട്ടുകാര്‍ പൊളിച്ചു നീക്കാന്‍ വേണ്ടി വാങ്ങി. പൂര്‍വ്വീകരുടെ അസ്ഥിത്തറകള്‍  ഉള്‍പ്പെടെ ഒന്നും ഇന്ന് അവിടെ അവശേഷിച്ചിട്ടില്ല . പഴയ ആ തറവാടിന്റെ മുറ്റത്ത്‌ നിന്നിരുന്ന പുളിമാവു*  ഒഴികെ.  ഇടയ്ക്കു ഒരു കാര്യസ്ഥന്‍ പട്ടണത്തില്‍ നിന്നും ഇടയ്ക്കു വന്നു കാര്യങ്ങള്‍ ഒക്കെ നോക്കി പോകും. അങ്ങനെ ഒരു ആളൊഴിഞ്ഞ പറമ്പായി അത് കിടക്കുന്നു. ആരും പകല്‍ സമയത്ത് പോലും ആ വഴിക്ക് പോകാറില്ല.


ഈ കഥകള്‍ എല്ലാം അറിഞ്ഞശേഷമുള്ള ദിവസം ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അവന്റെ ജിജ്ഞാസ ഉണര്‍ന്നു. ആരും പോകാത്ത ആ ആളൊഴിഞ്ഞ പറമ്പിലേക്ക് ഈ പെണ്‍കുട്ടി എന്തിനു പോകുന്നു ?.

അടുത്ത ദിവസം ആ പെണ്‍കുട്ടിയെ പിന്‍തുടരാന്‍ തന്നെ അവന്‍ ഉറച്ചു. പതിവിലും നേരത്തെ ഉച്ച ഭക്ഷണം കഴിച്ചു എന്ന് വരുത്തി അവന്‍ അവളെ കാത്തിരുന്നു.


അന്നും അവള്‍ കൃത്യ സമയത്ത് തന്നെ അവന്റെ മുന്നിലൂടെ നടന്ന് പോയി. വേഗം തന്നെ അവന്‍ അവളെ പിന്‍തുടരാന്‍ തുടങ്ങി. വേലിക്കിടയിലെ ചെറിയ വിടവിലൂടെ അവന്‍ നൂഴ്ന്ന് കടന്നു. കുറച്ചു മുന്‍പിലായി ആ പെണ്‍കുട്ടി നടന്ന് പോകുന്നു. താന്‍ പിന്തുടരുന്നത് അറിഞ്ഞ മട്ടേ ഇല്ല അവള്‍ക്കു. പൊടുന്നനെ അത് സംഭവിച്ചു. അവന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ ഏറ്റവും പുതിയ ഹിന്ദി പാട്ടിന്റെ ഈണത്തില്‍ ചിലച്ചു. താന്‍ അവളെ പിന്തുടരുന്ന കാര്യം അവള്‍ അറിഞ്ഞേക്കുമെന്നു ഭയന്ന് അവന്‍ ഒരു മരത്തിന്റെ പുറകിലേക്ക് മറഞ്ഞു നിന്ന് ഫോണ്‍ ഓണ്‍ ചെയ്തു. സംസാരത്തിന് ശേഷം നോക്കിയപ്പോള്‍ അവനു അവളെ കണ്ടെത്താനായില്ല.


ചുറ്റി തിരിഞ്ഞു അവന്‍ അവസാനം അവളെ കണ്ടെത്തി. അവളുടെ ഓരോ ചലനവും അവന്‍ സൂക്ഷ്മതയോടെ ശ്രദ്ധിച്ചു. അവള്‍ നേരെ പുളിമാവിന്റെ ചോട്ടിലേക്കാണ് പോയത്. ചെന്ന ഉടനെ അവള്‍ പുളിമാവിനു ചുറ്റും ഒരു വട്ടം ചുറ്റി നടന്നു. എന്നിട്ട് അതിന്റെ ചുവട്ടില്‍ ഒരിടത്തിരുന്നു. തന്റെ തോള്‍സഞ്ചിയില്‍  നിന്നും ഭദ്രമായി വെച്ചിരുന്ന ഒരു പഴയ പുസ്തകം വളരെ ശ്രദ്ധയോടെ എടുത്തു. അതിലേക്കു നോക്കി കുറെ നേരം അങ്ങനെ നിന്ന ശേഷം അവള്‍ ആ പുസ്തകത്തിലേക്ക് മുഖമമര്‍ത്തി. അവള്‍ തല ഉയര്‍ത്തി നോക്കും എന്ന് കരുതി അവന്‍ കുറെ നേരം അവളെ തന്നെ നോക്കി ദൂരെ നിന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും അവള്‍ തല ഉയര്‍ത്തി നോക്കാഞ്ഞപ്പോള്‍ അവനു ആകെ പേടി ആയി.  


ഒഴിഞ്ഞ പറമ്പ്, ആകപ്പാടെ ഒരു ഇരുണ്ട അന്തരീക്ഷം, പകല്‍ പോലും ആരും വരാത്ത സ്ഥലം. ആ പുളിമാവിന്റെ മുകളിലേക്ക് നോക്കിയപ്പോള്‍ അതിന്റെ ഇഴ പിരിഞ്ഞ ശാഖകള്‍  കണ്ടപ്പോള്‍ അവന്റെ പേടി ഇരട്ടിച്ചതെ ഉള്ളൂ.


അവന്‍ ധൃതിയില്‍ തിരിച്ചു നടന്നു. അവന്റെ കാലടികള്‍ക്ക് ഓട്ടത്തിന്റെ അത്രയും വേഗത ഉണ്ടായിരുന്നു. തിരിച്ചു വരുന്ന വഴിയില്‍ മുഴുവന്‍ അവന്റെ ചിന്തകള്‍ കാട് കയറുകയായിരുന്നു.


ഉത്തരം കിട്ടാത്ത കുറെ അധികം ചോദ്യങ്ങള്‍ അവന്‍ സ്വയം ചോദിച്ചു.


ആ പെണ്‍കുട്ടി ആരാണ്..?


ആ പെണ്‍കുട്ടിക്ക് ആ സ്ഥലവുമായുള്ള ബന്ധം എന്താണ്..?


എന്തിനായാണ് ആ കുട്ടി ദിവസവും അവിടെ വരുന്നത്..?


ആ വയസ്സായ അമ്മ എങ്ങനെ ആണ് മരിച്ചത്..?


ആ അമ്മയ്ക്കും ഈ പെണ്‍കുട്ടിക്കും തമ്മില്‍ എന്താണ് ബന്ധം...?


പകല്‍ പോലും ആരും പോകാന്‍ ഇഷ്ടപ്പെടാത്ത ആ പറമ്പില്‍ ഇടയ്ക്കു വന്നു പോകുന്ന ആ കാര്യസ്ഥന്‍ ആരാണ്..?

ആ തറവാടിന്റെ ശേഷിപ്പുകളായി ആ പറമ്പില്‍ ഉണ്ടായിരുന്ന എല്ലാം നഷ്ടപ്പെട്ടിട്ടും എന്തിനെയോക്കൊയോ ദ്യോതിപ്പിക്കുന്ന തരത്തില്‍ ആ പുളിമാവു മാത്രം എന്തിനു അങ്ങനെ കെട്ടു പിണഞ്ഞു കിടക്കുന്നു...?

ആ പെണ്‍കുട്ടിക്കും ആ പുളിമാവിനും തമ്മില്‍ എന്താണ് ബന്ധം ?


അവന്റെ ചോദ്യങ്ങള്‍ക്ക് ഒന്നിനും ഉത്തരം കിട്ടിയില്ല. അത് അറിയാവുന്നവര്‍ ആരും അവിടെ ഉണ്ടായിരുന്നില്ല.


കുറെ ചോദ്യങ്ങള്‍ മാത്രം ബാക്കി വെച്ച് ആ പെണ്‍കുട്ടിയും പുളിമാവും പിന്നെ അവനും.
*പുളിമാവു  - പുളിയും മാവും ഒരേ കുഴിയില്‍ കുഴിച്ചിട്ടു രണ്ടും കൂടി ചുറ്റി  പിണര്‍ന്നു വളര്‍ന്ന രണ്ടു മരങ്ങളെയും കൂടി ഒന്നിച്ചു വിളിക്കുന്ന പേര് ആണ്.

Related Posts Plugin for WordPress, Blogger...