Wednesday, February 9, 2011

പുളിമാവും അവളും പിന്നെ അവനും

അവള്‍ പതിയെ വേലിക്കിടയിലെ വിടവിലൂടെ നൂഴ്ന്നു കയറി. എന്നിട്ട് ആളൊഴിഞ്ഞ പറമ്പിലൂടെ തന്റെ പ്രിയപ്പെട്ട പുളിമാവു ലക്ഷ്യമാക്കി നടന്നു.

********************************


ഇടത്തരം  പട്ടണത്തിലെ ഒരു ഫാന്‍സി സ്റ്റോറില്‍ ജോലി കിട്ടിയപ്പോള്‍ അവന്‍ സന്തോഷിച്ചു. പണിയൊന്നും ഇല്ലാതെ തെക്ക് വടക്ക് നടക്കുന്നവന്‍ എന്ന അമ്മയുടെയും നാട്ടുകാരുടെയും പഴി ഇനി കേള്‍ക്കേണ്ടല്ലോ. അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കൂലി വേല ചെയ്തു തന്നെ ഇത്രയും ആക്കി. പ്രീ-ഡിഗ്രി വരെ പഠിപ്പിച്ചു. ഒരു താങ്ങായി നില്‍ക്കേണ്ടവന്‍ എല്ലാ പ്രതീക്ഷയും തകര്‍ത്ത് ഉഴപ്പി നടന്ന് പ്രതീക്ഷിച്ച പോലെ എല്ലാ പരീക്ഷയിലും തോറ്റു.  ആ തോല്‍വി അമ്മയുടെ കൂടി തോല്‍വി ആണെന്ന് മനസ്സിലാക്കാന്‍ സമയം എടുത്തു. കൂടെ പഠിച്ചവര്‍ എല്ലാം ഉപരിപഠനത്തിനും മറ്റുമായി പലവഴിക്ക് പോയി. എന്നും കൂടെ ഉണ്ടാവും എന്ന് കരുതി ഇരുന്ന ഉറ്റസുഹൃത്തും ജോലി കിട്ടി ദൂരേക്ക്‌ പോയപ്പോള്‍ തോന്നിയ ഒറ്റപ്പെടലില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി ആണ് കിട്ടിയ ജോലി ചെയ്യാം എന്ന് വെച്ച് ഇങ്ങോട്ട് വണ്ടി കയറിയത്. ഒറ്റപ്പെടല്‍ എത്ര ഭയാനകം ആണെന്ന് ഇടയ്ക്കു ആലോചിക്കാറുണ്ട്. എങ്കിലും ജീവിതത്തില്‍ എന്നോ ഒറ്റപ്പെട്ട അമ്മയുടെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ ഇതെല്ലം എത്രയോ നിസ്സാരം. ഇനി എങ്കിലും അമ്മയെ നല്ലവണ്ണം നോക്കണം. അതിനു തല്ക്കാലം കിട്ടിയ പണിയില്‍ ഉറച്ചു നിന്നെ മതിയാവൂ.


മുതലാളിയുടെ ഇടയ്ക്കു ഉച്ചത്തില്‍ ഉള്ള ചീത്ത വിളി ഒഴിച്ചാല്‍, കടയില്‍ വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ല. ഇടത്തരം കട, നല്ല കച്ചവടം, രാവിലെയും വൈകുന്നേരവും നല്ല തിരക്ക്. ഉച്ചക്ക് തിരക്ക് കുറയുന്നതോടെ മുതലാളി കടയില്‍ നിന്നും ഇറങ്ങും ഒന്നൊന്നര കിലോമീറ്റര്‍ അകലെ ഉള്ള സ്വന്തം വീട്ടിലേക്ക്. ഇനി ഉച്ചയൂണും ചെറിയ ഒരു മയക്കവും കഴിഞ്ഞു വൈകുന്നേരം തിരക്കാവുന്നതിനു തൊട്ട് മുന്പേ തിരിച്ചു വരൂ. അത് വരെ കടയില്‍ താന്‍ തനിച്ച്.


ഉച്ചക്കുള്ള ഭക്ഷണം ദിവാകരേട്ടന്റെ കടയില്‍ നിന്നും കഴിച്ചു ഒരു  ഉച്ചമയക്കം, അത് കഴിഞ്ഞു തിരക്കാവുന്നതിനു മുന്പേ എണീറ്റ്‌ മുഖം കഴുകി ഒരു കടും ചായ. പിന്നെ അന്തിക്ക് കട അടക്കുവോളം തിരക്ക് തന്നെ ആയിരിക്കും.


അന്നും പതിവ് പോലെ ഉച്ചക്കുള്ള മയക്കത്തിനിടക്കാണ് മൊബൈല്‍ ഫോണ്‍ ചിലച്ചത്. അപ്പുറത്തെ തലക്കല്‍ അമ്മ. പതിവ് പോലെ തന്നെ പറ്റിയുള്ള വേവലാതി തന്നെ പ്രധാന പ്രശ്നം. സമയത്തിന് ഭക്ഷണം കഴിക്കണം, അലഞ്ഞു തിരിഞ്ഞു നടക്കരുത്, ജോലിയില്‍ ശ്രദ്ധിക്കണം തുടങ്ങിയ ഉപദേശങ്ങള്‍.  ഒരു വിധത്തില്‍ അമ്മയെ പറഞ്ഞു സമാധാനിപ്പിച്ചു ഫോണ്‍ വെച്ചു. ഇന്നിനി ഉറക്കം വരും എന്ന് തോന്നുന്നില്ല. ഒന്ന് ഇറങ്ങി രണ്ടടി നടന്നിട്ട് വരാം എന്ന് കരുതി അവന്‍ മുന്നോട്ടു നടന്നു.


കുറച്ചു മുന്നിലായി ഒരു സ്കൂള്‍ കുട്ടി നടന്ന് പോകുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്. പത്തടി നടന്ന് മുന്‍പിലായി കണ്ട വേലിയുടെ വിടവിലൂടെ അവള്‍ നൂഴ്ന്ന് ഇറങ്ങിപ്പോയി. വീട്ടിലേക്കുള്ള എളുപ്പ വഴി ആയിരിക്കാം. കൂടുതല്‍ ശ്രദ്ധിക്കാതെ മുന്‍പോട്ടു നടന്നു. റോഡ്‌ അവസാനിക്കുന്നത് ഒരു കൊച്ചു തോട്ടിലേക്കാണ്. അവിടുന്ന് അങ്ങോട്ട്‌ ഒരു തടിപ്പാലം കടന്നു വേണം മുന്‍പോട്ടു പോകുവാന്‍. തോട്ടിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകി കുറച്ചു സമയം പ്രകൃതി ഭംഗി ആസ്വദിച്ചു അവന്‍ അങ്ങനെ നിന്നു.


തിരിച്ചു പോന്ന വഴിയെ തനിക്കെതിര്‍ വശത്ത് നിന്നും വരുന്ന സ്കൂള്‍ കുട്ടികളെ കണ്ടപ്പോള്‍ വാച്ചിലേക്ക് നോക്കി. ഉച്ച ഊണിനു വിട്ടതാണ്. പെട്ടന്ന് നേരത്തെ തന്റെ മുന്നില്‍ നടന്ന് പോയ പെണ്‍കുട്ടിയെ ഓര്‍ത്തു. എന്താണ് അവള്‍ ആ നേരത്ത് ക്ലാസ്സില്‍ നിന്നും ഇറങ്ങി പോന്നത്. ഒരു പീരിയഡ് മുന്പേ ഇറങ്ങി പോകത്തക്ക എന്താണ് പറ്റിയിട്ടുണ്ടാവുക....? അതോ വല്ല അസുഖവും പിടി പെട്ട് നേരത്തെ പോന്നതാണോ, അതോ കാമുകനോ മറ്റോ ...? നടന്ന് വേലിയുടെ അടുത്തെത്തിയപ്പോള്‍ വിജനമായ ആ പറമ്പിലേക്ക് നോക്കി. ആളനക്കം ഇല്ലാത്ത പറമ്പ്. ഒരു പക്ഷെ തന്റെ ചിന്തകളെല്ലാം വെറുതെ ആയിരിക്കാം...


പിറ്റേന്ന് കടയില്‍ സാധനങ്ങള്‍ അടുക്കി വെക്കാനുള്ളത് കൊണ്ട് ഊണും ഉച്ചക്കുള്ള ഉറക്കവും എല്ലാം താമസിച്ചു. ഊണ് കഴിച്ചു മുഖം തുടച്ചു കൊണ്ട് കടയിലേക്ക് തിരിച്ചു കയറുന്നതിനിടെ റോഡിലൂടെ നടന്ന് പോയ ഇന്നലെ കണ്ട അതെ പെണ്‍കുട്ടിയെ ശ്രദ്ധിച്ചു. പെട്ടന്ന് വാച്ചിലേക്ക് നോക്കിയപ്പോള്‍ ഉച്ചക്ക് വിടാനുള്ള സമയം ആയിട്ടില്ല. കടയില്‍ കയറി ഇരുന്നു ആ പെണ്‍കുട്ടിയുടെ പോക്ക് ശ്രദ്ധിച്ചു. പതിമൂന്നു വയസ്സ് പ്രായം ഉള്ള ഒരു സുന്ദരിക്കുട്ടി. കണ്ടാല്‍ തന്നെ ആരും ഒന്ന് നോക്കി പോകുന്ന അത്ര മുഖശ്രീ. പുറകിലേക്ക് പിന്നിയിട്ട നീളന്‍ മുടി. അങ്ങാടിയിലെ തിരക്കിനെയും ആളുകളെയും ഒന്നും ശ്രദ്ധിക്കാതെ അവള്‍ അങ്ങനെ മുന്നോട്ടു നടക്കുന്നു.  വേലിയുടെ അതെ ഭാഗത്തെത്തിയപ്പോള്‍ അവള്‍ വിടവിലൂടെ നൂഴ്ന്ന് അകത്തേക്ക് കടന്ന് നടന്നു മറഞ്ഞു.


പിന്നീടുള്ള ദിവസങ്ങളിലും ആ സമയം ആകുമ്പോള്‍ ഉച്ച ഉറക്കം ഉപേക്ഷിച്ചു ആ പെണ്‍കുട്ടിയെ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്നും ആ പെണ്‍കുട്ടി പോകുന്ന സമയം കിറുകൃത്യം ആയിരുന്നു താനും. ഇടയ്ക്കു ഒരു ദിവസം ദിവാകരേട്ടനോട് ചോദിച്ചു ആ പറമ്പിന്റെ ചരിത്രം മനസ്സിലാക്കി. 30 ഏക്കറോളം വരുന്ന ആ പറമ്പ് പഴയ ഒരു ജന്മി തറവാട് ആയിരുന്നു. ഒരു വശത്ത് കൂടി ഒഴുകുന്ന പുഴ. ആ തറവാട്ടിലെ അവസാന കണ്ണി ഒരു ആണ്‍കുട്ടി ആയിരുന്നു. നന്നായി പഠിച്ചു ഉയര്‍ന്ന ജോലി സമ്പാദിച്ച അയാള്‍ പട്ടണത്തില്‍ തന്നെ വീട് വെച്ച് സ്ഥിരതാമസം ആക്കി. ഒറ്റക്കായി പോയ അമ്മയെ കൂടെ കൂട്ടാന്‍ പല വട്ടം വിളിച്ചെങ്കിലും പൂര്‍വ്വീകര്‍ ഉറങ്ങുന്ന മണ്ണില്‍ തന്നെ ഒടുങ്ങണം എന്ന് പറഞ്ഞു അമ്മ അന്ത്യകാലം വരെ അവിടെ തന്നെ കഴിച്ചു കൂട്ടി. 13 വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മയുടെ മരണശേഷം ആ പഴയ തറവാട് വലിയ വില നല്‍കി ഏതോ റിസോര്‍ട്ടുകാര്‍ പൊളിച്ചു നീക്കാന്‍ വേണ്ടി വാങ്ങി. പൂര്‍വ്വീകരുടെ അസ്ഥിത്തറകള്‍  ഉള്‍പ്പെടെ ഒന്നും ഇന്ന് അവിടെ അവശേഷിച്ചിട്ടില്ല . പഴയ ആ തറവാടിന്റെ മുറ്റത്ത്‌ നിന്നിരുന്ന പുളിമാവു*  ഒഴികെ.  ഇടയ്ക്കു ഒരു കാര്യസ്ഥന്‍ പട്ടണത്തില്‍ നിന്നും ഇടയ്ക്കു വന്നു കാര്യങ്ങള്‍ ഒക്കെ നോക്കി പോകും. അങ്ങനെ ഒരു ആളൊഴിഞ്ഞ പറമ്പായി അത് കിടക്കുന്നു. ആരും പകല്‍ സമയത്ത് പോലും ആ വഴിക്ക് പോകാറില്ല.


ഈ കഥകള്‍ എല്ലാം അറിഞ്ഞശേഷമുള്ള ദിവസം ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അവന്റെ ജിജ്ഞാസ ഉണര്‍ന്നു. ആരും പോകാത്ത ആ ആളൊഴിഞ്ഞ പറമ്പിലേക്ക് ഈ പെണ്‍കുട്ടി എന്തിനു പോകുന്നു ?.

അടുത്ത ദിവസം ആ പെണ്‍കുട്ടിയെ പിന്‍തുടരാന്‍ തന്നെ അവന്‍ ഉറച്ചു. പതിവിലും നേരത്തെ ഉച്ച ഭക്ഷണം കഴിച്ചു എന്ന് വരുത്തി അവന്‍ അവളെ കാത്തിരുന്നു.


അന്നും അവള്‍ കൃത്യ സമയത്ത് തന്നെ അവന്റെ മുന്നിലൂടെ നടന്ന് പോയി. വേഗം തന്നെ അവന്‍ അവളെ പിന്‍തുടരാന്‍ തുടങ്ങി. വേലിക്കിടയിലെ ചെറിയ വിടവിലൂടെ അവന്‍ നൂഴ്ന്ന് കടന്നു. കുറച്ചു മുന്‍പിലായി ആ പെണ്‍കുട്ടി നടന്ന് പോകുന്നു. താന്‍ പിന്തുടരുന്നത് അറിഞ്ഞ മട്ടേ ഇല്ല അവള്‍ക്കു. പൊടുന്നനെ അത് സംഭവിച്ചു. അവന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ ഏറ്റവും പുതിയ ഹിന്ദി പാട്ടിന്റെ ഈണത്തില്‍ ചിലച്ചു. താന്‍ അവളെ പിന്തുടരുന്ന കാര്യം അവള്‍ അറിഞ്ഞേക്കുമെന്നു ഭയന്ന് അവന്‍ ഒരു മരത്തിന്റെ പുറകിലേക്ക് മറഞ്ഞു നിന്ന് ഫോണ്‍ ഓണ്‍ ചെയ്തു. സംസാരത്തിന് ശേഷം നോക്കിയപ്പോള്‍ അവനു അവളെ കണ്ടെത്താനായില്ല.


ചുറ്റി തിരിഞ്ഞു അവന്‍ അവസാനം അവളെ കണ്ടെത്തി. അവളുടെ ഓരോ ചലനവും അവന്‍ സൂക്ഷ്മതയോടെ ശ്രദ്ധിച്ചു. അവള്‍ നേരെ പുളിമാവിന്റെ ചോട്ടിലേക്കാണ് പോയത്. ചെന്ന ഉടനെ അവള്‍ പുളിമാവിനു ചുറ്റും ഒരു വട്ടം ചുറ്റി നടന്നു. എന്നിട്ട് അതിന്റെ ചുവട്ടില്‍ ഒരിടത്തിരുന്നു. തന്റെ തോള്‍സഞ്ചിയില്‍  നിന്നും ഭദ്രമായി വെച്ചിരുന്ന ഒരു പഴയ പുസ്തകം വളരെ ശ്രദ്ധയോടെ എടുത്തു. അതിലേക്കു നോക്കി കുറെ നേരം അങ്ങനെ നിന്ന ശേഷം അവള്‍ ആ പുസ്തകത്തിലേക്ക് മുഖമമര്‍ത്തി. അവള്‍ തല ഉയര്‍ത്തി നോക്കും എന്ന് കരുതി അവന്‍ കുറെ നേരം അവളെ തന്നെ നോക്കി ദൂരെ നിന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും അവള്‍ തല ഉയര്‍ത്തി നോക്കാഞ്ഞപ്പോള്‍ അവനു ആകെ പേടി ആയി.  


ഒഴിഞ്ഞ പറമ്പ്, ആകപ്പാടെ ഒരു ഇരുണ്ട അന്തരീക്ഷം, പകല്‍ പോലും ആരും വരാത്ത സ്ഥലം. ആ പുളിമാവിന്റെ മുകളിലേക്ക് നോക്കിയപ്പോള്‍ അതിന്റെ ഇഴ പിരിഞ്ഞ ശാഖകള്‍  കണ്ടപ്പോള്‍ അവന്റെ പേടി ഇരട്ടിച്ചതെ ഉള്ളൂ.


അവന്‍ ധൃതിയില്‍ തിരിച്ചു നടന്നു. അവന്റെ കാലടികള്‍ക്ക് ഓട്ടത്തിന്റെ അത്രയും വേഗത ഉണ്ടായിരുന്നു. തിരിച്ചു വരുന്ന വഴിയില്‍ മുഴുവന്‍ അവന്റെ ചിന്തകള്‍ കാട് കയറുകയായിരുന്നു.


ഉത്തരം കിട്ടാത്ത കുറെ അധികം ചോദ്യങ്ങള്‍ അവന്‍ സ്വയം ചോദിച്ചു.


ആ പെണ്‍കുട്ടി ആരാണ്..?


ആ പെണ്‍കുട്ടിക്ക് ആ സ്ഥലവുമായുള്ള ബന്ധം എന്താണ്..?


എന്തിനായാണ് ആ കുട്ടി ദിവസവും അവിടെ വരുന്നത്..?


ആ വയസ്സായ അമ്മ എങ്ങനെ ആണ് മരിച്ചത്..?


ആ അമ്മയ്ക്കും ഈ പെണ്‍കുട്ടിക്കും തമ്മില്‍ എന്താണ് ബന്ധം...?


പകല്‍ പോലും ആരും പോകാന്‍ ഇഷ്ടപ്പെടാത്ത ആ പറമ്പില്‍ ഇടയ്ക്കു വന്നു പോകുന്ന ആ കാര്യസ്ഥന്‍ ആരാണ്..?

ആ തറവാടിന്റെ ശേഷിപ്പുകളായി ആ പറമ്പില്‍ ഉണ്ടായിരുന്ന എല്ലാം നഷ്ടപ്പെട്ടിട്ടും എന്തിനെയോക്കൊയോ ദ്യോതിപ്പിക്കുന്ന തരത്തില്‍ ആ പുളിമാവു മാത്രം എന്തിനു അങ്ങനെ കെട്ടു പിണഞ്ഞു കിടക്കുന്നു...?

ആ പെണ്‍കുട്ടിക്കും ആ പുളിമാവിനും തമ്മില്‍ എന്താണ് ബന്ധം ?


അവന്റെ ചോദ്യങ്ങള്‍ക്ക് ഒന്നിനും ഉത്തരം കിട്ടിയില്ല. അത് അറിയാവുന്നവര്‍ ആരും അവിടെ ഉണ്ടായിരുന്നില്ല.


കുറെ ചോദ്യങ്ങള്‍ മാത്രം ബാക്കി വെച്ച് ആ പെണ്‍കുട്ടിയും പുളിമാവും പിന്നെ അവനും.




*പുളിമാവു  - പുളിയും മാവും ഒരേ കുഴിയില്‍ കുഴിച്ചിട്ടു രണ്ടും കൂടി ചുറ്റി  പിണര്‍ന്നു വളര്‍ന്ന രണ്ടു മരങ്ങളെയും കൂടി ഒന്നിച്ചു വിളിക്കുന്ന പേര് ആണ്.

4 comments:

ചിറകുള്ള മാലാഖ said...

മനസ്സില്‍ തോന്നിയ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. ഇതില്‍ കഥാംശം ഉണ്ടോ ഇല്ലയോ, നല്ലതാണോ ചീത്തയാണോ എന്നെല്ലാം കണ്ടെത്തേണ്ടത്‌ നിങ്ങള്‍ വായനക്കാരാണ്.

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ..?

സജീവ്‌ said...

ബിജോ കഥയുടെ പുറകില്‍ ഒരു സാരാംശം ഉണ്ടോ എന്നൊരു തോന്നേല്‍

shaji.k said...

കഥ നന്നായിട്ടുണ്ട് :)

African Mallu said...

കഥ വളരെ ഉധ്വേഗത്തോടെയാണ് വായിച്ചു തീര്‍ത്തത് ..പക്ഷെ ക്ലൈമാക്സ്‌ മാത്രം വലിയ പിടികിട്ടിയില്ല ..ചിലപ്പോ ഞാടെ ചെറിയ ബുദ്ധിക്കു മനസ്സിലാകാത്തത് ആവും

Related Posts Plugin for WordPress, Blogger...