Wednesday, December 14, 2011

കേരള രാഷ്ട്രീയക്കാർ പീലത്തോസുമാരാവുമ്പോൾ...!!!!

പ്രധാനമന്ത്രിയുമായി ഇന്നലെ നടത്തിയ സർവ്വകക്ഷി യോഗത്തിനു ശേഷം ആണ് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നിരന്ന രാഷ്ട്രീയക്കാർ കൈകഴുകി മുല്ലപ്പെരിയാറിന്റെ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ല എന്ന് പ്രഖ്യാപിച്ചത്. ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാവരും സമരമുഖത്ത് നിന്ന് പിന്മാറാൻ കാണിക്കുന്ന വെമ്പൽ കണ്ടപ്പോൾ ഈ സമരം എങ്ങനെയെങ്കിലും ഒന്ന് അവസാനിപ്പിച്ച് കിട്ടാനായി എല്ലാവരും കാത്തിരിക്കുകയായിരുന്നു എന്ന് ചിന്തിച്ചാൽ ആരെയും കുറ്റം പറയാനാകില്ല. മുറുമുറുപ്പ് ഉയർത്തിയ ചുരുക്കം ചിലരും ഭൂരിപക്ഷ അഭിപ്രായത്തിനു മുന്നിൽ കീഴടങ്ങുന്നതാണ് പിന്നെ കണ്ടത്. നാടിനും നാട്ടുകാർക്കും വേണ്ടി ചിലതെങ്കിലും ചെയ്യാനുള്ള സമയത്ത് രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യം വെക്കുന്നത്  വിവിധ വിഷയങ്ങളിൽ മുമ്പും പലതവണ ഇതൊക്കെ കണ്ടതാണെങ്കിലും പലചോദ്യങ്ങളും ചോദിക്കാനുണ്ട് സാർ..

പ്രധാനമന്ത്രിയുടെ വാക്കാലുള്ള ഒരു ഉറപ്പിന്മേൽ (രാഷ്ട്രീയക്കാരുടെ ഉറപ്പിന്റെ ഉറപ്പിനെപ്പറ്റി രാഷ്ട്രീയക്കാരായ നിങ്ങൾക്ക് തന്നെ പറഞ്ഞ് തരേണ്ട കാര്യം ഇല്ലല്ലോ)  സമരം അവസാനിപ്പിക്കാനായിരുന്നെങ്കിൽ എന്തിന് ഇങ്ങനെ ഒരു സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടു സാർ?. അതിനായി എന്തിന് കുഞ്ഞ് കുട്ടികളടക്കം ലക്ഷക്കണക്കിന് ജനങ്ങളെ തെരുവിലിറക്കി?

ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് വരും വരെ ഒരു വിധത്തിലുള്ള ചർച്ചക്കും തയ്യാറല്ലെന്ന് തമിഴ്നാട് തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ പിന്നെ എന്ത് സമവായമാണ് കേന്ദ്രഗവണ്മെന്റ് ഉണ്ടാക്കുക സാർ.?

സത്യത്തിൽ കേരളത്തിന് അനുകൂലമായ ഒരു നിലപാട് ഉണ്ടാകില്ല എന്ന് അറിഞ്ഞിട്ടും (ഇടക്കാല റിപ്പോർട്ടിൽ സ്ഥിതിഗതികൾ അങ്ങേയറ്റം ആശങ്കാജനകമൊന്നുമല്ലെന്ന് പരാമർശമുണ്ടത്രേ) നാം ഈ റിപ്പോർട്ടിനായി കാത്തിരിക്കണോ സാർ.?

സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതും അത് പഠിച്ച് സർക്കാരും, നീതിപീഡവും ഒരു തീർപ്പ് കൽപ്പിക്കുന്നതും വരെ അണക്കെട്ട് പൊട്ടാതെ നിൽക്കുമോ സാർ?

കരാർ റദ്ദാക്കി കേരളത്തിന് അണക്കെട്ട് ഏറ്റെടുക്കാമെന്നും, പുതിയ അണക്കെട്ട് കേരളത്തിന്റെ ഭൂമിയിൽ നിർമ്മിക്കാമെന്നും ഇരിക്കെ എന്തിന് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ വെച്ച് രാഷ്ട്രീയം കളിക്കുന്നു സാർ.?


സത്യത്തിൽ രണ്ട് ദേശീയ പാർട്ടികൾ അതിശക്തമായി നിലകൊള്ളുന്ന കേരളത്തിനേക്കാൾ വളരെ നന്നായി ഈ വിഷയത്തിൽ പ്രകടനം നടത്താൻ പ്രാദേശിക രാഷ്ട്രീയം കളിക്കുന്ന തമിഴ് നാടിന് സാധിക്കുന്നു. നമ്മൾ മുല്ലപ്പെരിയാർ വേണമെന്ന് പറയുമ്പോൾ അവർ ഇടുക്കി വേണമെന്ന് പറയുന്നു. ഏത് വിധത്തിൽ കൂട്ടിയാലും ലാഭം തമിഴ്നാടിനു തന്നെ.

ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദേശീയകക്ഷികൾക്ക് തമിഴ്നാടിനെ പിണക്കാനാകില്ല. കേരളത്തിലെ പ്രതിപക്ഷം തമിഴ്നാട്ടിൽ ഭരണപക്ഷമാണ്. ഞങ്ങളും ഒന്ന് തമിഴ്നാട്ടിൽ കൊടിനാട്ടി, യൂണിയൻ ഉണ്ടാക്കി പച്ചപിടിച്ചോട്ടെ സാർ അതിനിടക്കെന്തിനാ നിങ്ങൾ ഈ മുല്ലപ്പെരിയാർ എന്നൊക്കെ പേശി പ്രശ്നം ഉണ്ടാക്കുന്നത് എന്ന് പിബി പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റുമോ?

ഇത്തവണ ശ്രമിച്ചിട്ട് നടന്നില്ല, ഇനി അടുത്ത തവണയെങ്കിലും ജയലളിതയുമായി കൈകോർക്കാൻ വെമ്പി നിൽക്കുന്ന കോൺഗ്രസ്സിനും മറിച്ചൊന്നും ചിന്തിക്കാനുണ്ടാവില്ലല്ലോ. 

അപ്പോ പിന്നൊ ആർക്കാണ് സാർ മുല്ലപെരിയാറിന്റെ പേരിൽ ഇത്ര പ്രശ്നം.... ഒലിച്ച് പോകാൻ റെഡി ആയി നിൽക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളേ നിങ്ങൾക്കോ.... നിങ്ങളും പേടിക്കേണ്ട നിങ്ങൾക്കെല്ലാം ഉള്ള നീന്തൽ വസ്ത്രങ്ങൾ സർക്കാർ (തമിഴ്നാട് ?...!! ) ചെലവിൽ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യാം... പിന്നെ എന്തിനു പേടി...!!!

ഇനിയിപ്പോ രണ്ട് കാര്യങ്ങളേ ചെയ്യാനുള്ളൂ... ഒന്നുകിൽ ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് നമുക്ക് അനുകൂലമാവണേ എന്ന് ഡിങ്കനോടോ മറ്റേതെങ്കിലും ദൈവത്തോടോ മുട്ടിപ്പായി പ്രാർത്ഥിക്കുക.. അല്ലെങ്കിൽ മിണ്ടാതിരുന്ന് ഡാം പൊട്ടുന്നതും കാത്ത് കാത്ത് ഇരിക്കുക. 

എന്തൊക്കെ തന്നെ ആയാലും മുല്ലപ്പെരിയാറേ.... ഡാമേ...നിനക്ക് നീ തന്നെ തുണ..!!!
Related Posts Plugin for WordPress, Blogger...