നായകന് എന്റെ സുഹൃത്ത്. കോളേജില്‍ ഒപ്പം പഠിക്കുന്നു. ആള് ഒരു അടി പൊളി പാര്‍ട്ടി ആണ്. അവനു എല്ലാ പെണ്ണുങ്ങളോടും നല്ല കമ്പനി, കത്തി വെക്കല്‍ ഒക്കെ ആയി ജോളി ആയി നടക്കുന്നു.
സെക്കന്റ് ഇയര്‍ ആയപ്പോള്‍ വേറെ ഒരു കോളേജില്‍ നിന്നും ഒരു സുന്ദരിക്കുട്ടി ഞങ്ങടെ കോളേജില്‍ ജോയിന്‍ ചെയ്തു. ആള് വളരെ ക്യുട്ട്. പഠിക്കാന്‍ മിടുക്കി. അത്യാവശ്യം എഴുത്ത് ഒക്കെ ഉണ്ട്. ആങ്ങള മലയാളം അദ്ധ്യാപകന് ആണ്. അപ്പൊ അവനു അവളോട് ഭയങ്കര പ്രേമം. അവന് പറയുന്നത് വെച്ച് നോക്കിയാല്‍ അവനു ആദ്യമായി ഒരു പെണ്ണിനോട് യഥാര്‍ത്ഥ പ്രേമം തോന്നി എന്ന്. പക്ഷേ ആ പെണ്ണിനോട് പറയാനും മിണ്ടാനും ഒക്കെ പേടി. വേറെ ഏതു പെണ്ണിനെ കണ്ടാലും അവന് ആള് പുലി. അവളുടെ മുന്നില്‍ മാത്രം എലി.
അവസാനം അത്യാവശ്യം സാഹിത്യം എഴുത്ത് ഒക്കെ ഉണ്ടായിരുന്ന എന്നെ അവന് കൂട്ട് പിടിച്ചു. ഒരു പ്രേമ ലേഖനം വേണം.... ഞാന്‍ മൂന്നാല് ദിവസം ഉറക്കം ഒഴിച്ചിരുന്നു ഇല്ലാത്ത പ്രേമം സങ്കല്പിച്ചു ഒരു യമണ്ടന്‍ കാവ്യം റെഡി ആക്കി. രണ്ടു പേജില്‍ ഫുള്‍ ആയി ഉണ്ടാരുന്നു.
അത് സ്വന്തം കൈപ്പടയില്‍ മാറ്റി എഴുതേണ്ടത് അവന്റെ ചുമതല. മലയാളം അക്ഷരങ്ങള്‍ മുതല്‍ സാഹിത്യം, കവിത വരെ അവനെ എനിക്ക് പഠിപ്പിക്കേണ്ടി വന്നു ഒന്ന് മാറ്റി എഴുതാന്‍. മാറ്റി എഴുതേണ്ടത് എന്റെ കൂടി ആവശ്യം ആയതു കൊണ്ട് (അല്ലേല്‍ എന്റെ കൈ അക്ഷരം പിടിക്കപെട്ടലോ) ഞാന്‍ ക്ഷമിച്ചു.
അവന്റെ വക ചെലവ് ഫുഡ് അടിച്ചോണ്ടാണ് മാറ്റി എഴുത്ത്. ഏകദേശം 3 മണിക്കൂര്‍ കൊണ്ട് അവന് രണ്ടു പേജ് അടിപൊളി സാഹിത്യവും ഞാന്‍ അടി പൊളി ഫുഡും തീര്‍ത്തു.
ഞാന്‍ കൈ കഴുകാന്‍ പോയ തക്കത്തിന് അവന് ഒരു എക്സ്ട്രാ എഫ്ഫക്റ്റ് ഇട്ടു (അത് സസ്പെന്‍സ്) ...?
ഞാന്‍ കൈ കഴുകി തിരിച്ചു വന്നപ്പോളേക്കും അവന് ലേഖനം ഒരു കവറില്‍ ഇട്ടു ഒട്ടിച്ചു ഭദ്രമായി വെച്ചിട്ടുണ്ടാരുന്നു. അത് അവളുടെ കൈയില്‍ എത്തിക്കുന്ന ജോലി ഞങ്ങളുടെ ഒരു പെണ് സുഹൃത്ത് ഏറ്റെടുത്തു. അങ്ങനെ ലേഖനം നായികയുടെ കൈയില്‍ എത്തി.
അവള് വായിച്ചു വായിച്ച് മതിപ്പ് തോന്നി പ്രേമത്തില്‍ വീഴാന്‍ റെഡി ആയി നില്ക്കുന്നു. (കാല് വിരല്‍ കൊണ്ട് ചിത്രം വരച്ചോ എന്ന് തിരക്കിനിടയില്‍ ശ്രദ്ധിക്കാന്‍ മറന്നു) മറഞ്ഞു നിന്ന് ഞങ്ങള്‍ അത് കണ്ടോണ്ടിരിക്കുന്നു. കത്തിന്റെ അവസാന ഭാഗം ആയപ്പോള്‍ അവളുടെ മുഖം മാറി, ഉള്ളിലെ ദേഷ്യം മുഖത്ത് നിന്ന് വായിച്ച് എടുക്കാം.
ഞങ്ങളുടെ പെണ് സുഹൃത്തിനോട് എന്തൊക്കെയോ കയര്‍ത്തു സംസാരിച്ചിട്ടു (ഭ്രാന്തന് എന്നൊ മറ്റൊ ഉള്ള രണ്ടു മൂന്നു വാക്കുകള്‍ മാത്രമേ ഞങ്ങള്‍ കേട്ടുള്ളൂ) അവള് കത്ത് രണ്ടു മൂന്നു കഷണം ആയി വലിച്ചു കീറി ദൂരെ എറിഞ്ഞു. എന്നിട്ട് ഒറ്റ പോക്ക്. എനിക്ക് കാര്യം ഒന്നും മനസ്സിലായില്ല. അവനാണെങ്കില്‍ ആകെ തകര്‍ന്നു നില്ക്കുന്നു. ഞാന്‍ ഞങ്ങളുടെ സുഹൃത്ത് പെണ്‍കുട്ടിയുടെ അടുത്തേക്ക് ഓടി. അവള് അതിലേറെ ദേഷ്യത്തില്‍. ഇനി ഇമ്മാതിരി പരിപാടിക്ക് അവളെ വിളിച്ചാല്‍ എന്നെ ശരിയാക്കും എന്ന് അവള്...
ഒരു എത്തും പിടിയും കിട്ടാതെ ഞാന്‍ അവള് കീറി ദൂരെ എറിഞ്ഞ കത്തിന്റെ കഷണങ്ങള്‍ തറയില്‍ ചേര്‍ത്ത് വെച്ച് നോക്കിക്കൊണ്ട് കുനിഞ്ഞു നിലത്തു ഇരുന്നു. ഞാന്‍ വായിച്ചിട്ടും കുഴപ്പങ്ങള്‍ ഒന്നും കണ്ടു പിടിക്കാന്‍ ആവുന്നില്ല. രണ്ടാമത്തെ പേജ് എത്തി. അവിടം വായിച്ചപ്പോളായിരുന്നു അവളുടെ ഭാവം മാറിയത്. എന്താ കുഴപ്പം എന്നറിയാന്‍ ഞാന്‍ ഓരോ വരിയും ഓടിച്ചു വായിച്ചു. വായിച്ചു വായിച്ചു പേജു തീരാനായി. അവിടെ അവസാനമായി അവന് എക്സ്ട്രാ എഫെക്ടിനു വേണ്ടി അവന് ഒരു ലവ് ചിഹ്നം വരച്ചു വെച്ചിരിക്കുന്നു. ഞാന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ നിരാശനായി അവന് എന്റെ മുന്നില്‍. ലവ് ചിഹ്നം വരക്കാനായി മുറിച്ച അവന്റെ വിരലില്‍ നിന്നും അപ്പോഴും ചോര ഇറ്റു വീഴുന്നുണ്ടായിരുന്നു........
4 comments:
കൊള്ളാം........!
എങ്കില്‍ പിന്നെ ആ പ്രേമലേഖനം കൂടെ പോസ്റ്റ് ചെയ്യാമായിരുന്നു. ആരുടെ ആങ്ങള ആണ് മലയാളം അധ്യാപകന് എന്ന് മനസിലായില്ല..
മുഴുവനും വായിച്ചിട്ടും കുഴപ്പമില്ലാതെ നിന്ന ആ കുട്ടി ലവ് ചിഹ്നം കണ്ടത്കൊണ്ട് ആ പ്രേമലേഖനം കീറേണ്ട കാര്യമെന്താ..?
സ്നേഹ - ആ പെണ്‍കുട്ടിയുടെ ആങ്ങള ആയിരുന്നു മലയാളം അദ്ധ്യാപകന്. അത് കൊണ്ട് കൂടി ആയിരിക്കാം അവന് സാഹിത്യത്തില്‍ ഉള്ള പ്രേമ ലേഖനം വേണം എന്ന് നിര്‍ബന്ധം പിടിച്ചത്. ആ പ്രേമ ലേഖനം കുറച്ചു കാലം ഒക്കെ എടുത്തു വെച്ചിരുന്നു. അവനെ കളിയാക്കാന്‍ പിന്നെ അത് കളഞ്ഞു. എന്താണെങ്കിലും ചില വരികള്‍ ഇപ്പളും ഓര്മ ഉണ്ട് .
സിജോ - ആ ലവ് ചിഹ്നം എഴുതിയത് അവന്റെ ചോര കൊണ്ടാരുന്നു. അത് കൊണ്ട് ആണോ എന്ന് അറിയില്ല അവള് പിന്നെ അവനെ നോക്കീട്ടെ ഇല്ല.
അതുവരെ ചോരയില്‍ മുക്കി എഴുതിയ പ്രണയ ലേഖനം എന്നൊക്കെ പറഞ്ഞു കേട്ടിട്ടേ ഉള്ളാരുന്നു. ആദ്യമായി കണ്ടു.
നന്ദി സ്നേഹ,സിജോ...
Avan additional aayi chila "Sangathikal" kayyinnu ittatha kuzhappamaayathu alle
Post a Comment