Friday, March 25, 2011

നമുക്ക് എവിടെയാണ് പിഴച്ചത്...?

കഴിഞ്ഞ ദിവസം വൈകുന്നേരം മാളിലെ ഷോപ്പിങ്ങിനിടെ പഴയ ഒരു സുഹ്രുത്തിനെ കണ്ടു മുട്ടി.പ്രായത്തില്‍ എന്നേക്കാള്‍ കുറേ മൂത്തതാണെങ്കിലും നാട് വിട്ടാല്‍ പിന്നെ എല്ലാവരും നമുക്ക് സുഹ്രുത്തുക്കള്‍ ആയതിനാല്‍ അദ്ധേഹത്തെയും എന്റെ സുഹ്രുത്ത് എന്നു വിളിക്കാം.

വളരെക്കാലം മുമ്പേ തന്നെ മണലാരണ്യത്തിലേക്ക് ജീവിതം പറിച്ചുനട്ട ഒരു പക്കാ മലപ്പുറം കാരന്‍. യുഎഇ യില്‍ വന്ന കാലത്ത് ഇടക്കൊക്കെ പരസ്പരം കണ്ടിരുന്നതാണ്, ജോലിത്തിരക്കും മറ്റുമായി ഇടക്ക് വെച്ച് ബന്ധപ്പെടാതായി. സൌഹ്രുദ സംഭാഷണത്തിനിടക്ക് അടുത്ത ആഴ്ച നാട്ടിലേക്ക് പോവുകയാണെന്ന് സന്തോഷത്തോടെ പറഞ്ഞു അങ്ങേര്‍.സുഹ്രുത്തുക്കളോ ബന്ധുക്കളോ നാട്ടിലേക്ക് പോകുന്നു എന്ന് കേള്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നാറുണ്ട്. അതു പോലെ തന്നെ ഓരോരോ കാരണങ്ങള്‍ കൊണ്ട് എനിക്ക് പോകാന്‍ ആവുന്നില്ലല്ലോ എന്ന സങ്കടവും പോകുന്നവരോട് ഒരു ചെറിയ അസൂയയും പതിവാണ്.

പോകുന്നതിന്റെ കാരണവും പറഞ്ഞു. മൂത്ത മകളുടെ കല്യാണം ആണത്രേ..

ചെറുക്കന്റെ ചുറ്റുപാടുകളും ജോലിയും മറ്റും തിരക്കി.തെറ്റില്ലാത്ത കുടുംബം, അത്യാവശ്യം വിദ്യാഭ്യാസം ഒക്കെ ഉള്ള ചെറുക്കന്‍.

പെണ്ണിനെ പറ്റി പറഞ്ഞതോടെ എന്റെ എല്ലാ സന്തോഷവും പൊയ്പോയി.

പെണ്ണ് പഠിക്കുന്നത് പത്താം ക്ലാസ്സില്‍..!! എങ്ങനെ കണക്ക് കൂട്ടിയാലും പെണ്ണിന് ഒരു പതിനാല് - പതിനഞ്ചില്‍ കൂടില്ല പ്രായം.. പാവം പെണ്‍കുട്ടി...!!

ഇത്ര ചെറുപ്പത്തിലേ തന്നെ കുട്ടിയെ കെട്ടിച്ച് വിടുന്നതിന്റെ കാരണം നിരത്താനുള്ള അങ്ങേരുടെ വ്യഗ്രത കണ്ടപ്പോള്‍ തന്നെ അരുതാത്തത് എന്തോ ചെയ്യുകയാണെന്ന് അങ്ങേര്‍ക്ക് മനസ്സാക്ഷിക്കുത്ത് ഉണ്ടെന്ന് വ്യക്തം.

" ഓളെ കണ്ടാല്‍ തന്നെ നല്ല പ്രായം തോന്നിക്കുന്നുണ്ടെന്ന് നാട്ടുകാരും വീട്ടുകാരും ഒക്കെ പറയുന്നു. വല്യകുട്ടിയായി എന്ന് തോന്നിയപ്പോ എനിക്കും തോന്നി എന്നാ ഓളെ കെട്ടിച്ച് വിട്ടുകളയാം ന്ന് "

പ്രായത്തിലും കൂടിയ ശരീര വളര്‍ച്ച ഉള്ളത് കോണ്ടാണ് അവളെ കെട്ടിച്ച് വിടുന്നതത്രേ...!!

സ്വന്തം അച്ഛന്‍ തന്നെ അങ്ങനെ പറയുമ്പോള്‍ പിന്നെ ആരെന്ത് പറഞ്ഞിട്ടെന്താവാന്‍...


സുഹ്രുത്തിനെ യാത്രയാക്കി ഷോപ്പിങ്ങ് അവസാനിപ്പിച്ച് വേഗം വീട്ടില്‍ തിരിച്ചെത്തിയിട്ടും ആ പെണ്‍കുട്ടി തന്നെ ആയിരുന്നു മനസ്സില്‍.

ഇത്ര ചെറുപ്പത്തിലെ തന്നെ ഭാര്യയും ഒരു പക്ഷെ പിന്നെയും ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അമ്മയും ആവേണ്ടി വരുന്ന ഒരു കൊച്ച് കുട്ടി...!! ഒരു പെണ്‍കുട്ടിക്ക് വിവാഹിതയാവാന്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പ്രായത്തിലെത്താന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടവള്‍. കളിച്ച് ചിരിച്ച് നടക്കേണ്ട പ്രായത്തില്‍ മണിയറയിലേക്ക് കാലെടുത്ത് വെക്കേണ്ടി വരുന്നവള്‍. പ്രാഥമിക വിദ്യാഭ്യാസം പോലും മുഴിമിപ്പിക്കാത്തവള്‍.. ഒരു പക്ഷേ ഒരു കാലത്ത് അവള്‍ക്ക് വിവാഹ മോചനമോ മറ്റോ നേരിടേണ്ടി വന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ കൈയില്‍ ഒരു പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് പോലും കൈയില്‍ ഇല്ലാത്തവള്‍...


രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതായപ്പോള്‍ ആ സുഹ്രുത്തിനെ പ്രാകി കൊണ്ട് എണീറ്റിരുന്നു. ആ കൊച്ച് കുട്ടിയുടെ കരച്ചിലാണ് മനസ്സില്‍ നിറയെ..



പിന്നെ എപ്പൊഴോ ഞാന്‍ ആ സുഹ്രുത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ തുടങ്ങി. കഴുകന്‍ കണ്ണുകളുമായി റഞ്ചാന്‍ വരുന്ന ഗോവിന്ദച്ചാമിമാരില്‍ നിന്നും ആ കൊച്ച് പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ പാടുപെടുന്ന ഒരു പാവം മനുഷ്യന്‍... ജീവിതത്തിന്റെ നല്ലൊരു പങ്കും കുടുംബത്തിനും വീട്ടുകാര്‍ക്കുമായി കഷ്ടപ്പെട്ട് മണലാരണ്യത്തില്‍ ചെലവഴിച്ചവന്‍.. സ്വന്തം കുഞ്ഞിന്റെ വിവാഹം പോലും മറ്റുള്ളവരുടെ ആഗ്രഹത്തിനും തീരുമാനങ്ങള്‍ക്കും അനുസരിച്ച് നിയമവ്യവസ്ഥക്കെതിരായി നടത്തിക്കൊടുക്കേണ്ടി വരുന്നവന്‍...


എന്തൊക്കെ പറഞ്ഞാലും ഒരു അനീതി ആണ് നടക്കുന്നത്. അതും നിയമത്തിനെതിരായി...ഞാന്‍ ആരുടെ ഭാഗത്താണെന്ന് എനിക്കു തന്നെ സംശയമായി..


നാളെ മണിയറയിലേക്ക് നയിക്കപ്പെടുന്ന ആ എട്ടും പൊട്ടും തിരിയാത്ത കൊച്ച് പെണ്‍കുട്ടിയുടെ കൂടെയോ.. അതോ ഒരു പെണ്‍കുട്ടി ജനിച്ചു പോയി എന്ന കുറ്റം ചെയ്ത ആ പാവം മനുഷ്യന്റെയോ..?

പറയൂ സുഹ്രുത്തുക്കളേ.. നമുക്ക് എവിടെയാണ് പിഴച്ചത്...?






8 comments:

Seena Viovin said...

ഇപ്പോഴും ഇങ്ങനെ ഒക്കെ നടക്കുനുണ്ടോ ? വിദ്യാഭാസമുള്ള മാതാപിതാകന്മാര്‍ ഇങ്ങനെ ചിന്തികുമോ ?

ചക്രൂ said...

ഇതൊക്കെ ഓരോരുത്തരുടെ അവസ്ഥയല്ലേ ... അയാളുടെ സാഹചര്യം നമുക്ക് അറിയില്ലല്ലോ
ചിലപ്പോള്‍ പുറത്തു പറയാന്‍ വയ്യാത്ത വേറെ കാരണങ്ങള്‍ ഉണ്ടാകാം .. എന്തായാലും കഷ്ടമായിപ്പോയി ആ കുട്ടിയുടെ കാര്യം

എഴുത്തച്ചന്‍ said...

എന്തൊക്കെ കാരണം നിരത്തിയാലും ഇത് ആ കുട്ടിയുടെ ജീവിതം നശിപ്പിക്കുകയാണു. ജീവിതത്തെ പറ്റി സ്വപ്നം കാണാന്‍ തുടങ്ങുന്നതിനു മുന്‍പേ അവയെല്ലാം തല്ലികൊഴിക്കുന്ന പോലെ.....:(

ശങ്കു ദാദ said...

ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ ഒപ്പം പഠിച്ചിരുന്ന (തൊട്ടയല്‍വാസിയായ) ഒരു പെണ്‍കുട്ടിയുടെ നിക്കഹ് നടന്നു... അതോടു കൂടി ആ കുട്ടി പടിപ്പു നിര്‍ത്തി... പത്താം ക്ലാസ്സ് ആന്വല്‍ എക്സാം കൂടി എഴിതിയില്ല... ഇപ്പം അവര്‍ക്ക് ആറു കുട്ടികള്‍ ഉണ്ട്... പ്രായം വെറും മുപ്പത്തി മൂന്നു വയസ്സ്... ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു.. ഇപ്പം പഴയ ഇരുമ്പ് പ്ലാസ്റ്റിക്‌ കച്ചവടം....

മറ്റൊരു സംഭവം... നാട്ടിലെ ഒരു പ്രമുഖ വീട്ടില്‍ നിക്കഹ് നടന്നു.. പെന്‍ കുട്ടി പഠിക്കുന്നു.. ഋതു മതിയായിട്ടില്ല അതിനാല്‍ കെട്ട് കഴിഞ്ഞിട്ടും കൂട്ടി കൊണ്ട് പോയില്ല. പിന്നെ ഒരു ആറേഴു മാസം കഴിഞ്ഞപ്പം കൂട്ടി കൊണ്ട് പോയി...

ഇത്തരത്തില്‍ ഒരു പാട് ശൈശവ വിവാഹം നാട്ടില്‍ നടക്കുന്നുണ്ട്... പലപ്പോഴും നമുക്ക് നേരിട്ടരിയാവുന്നവര്‍... വളരെ അടുപ്പമുള്ളവര്‍... നമുക്ക് എതിര്‍ക്കാന്‍ പറ്റാത്തവര്‍...

Unknown said...

ശങ്കു പറഞ്ഞത് പോലെ തന്നെ എനിക്കും ഉണ്ടായിരുന്നു കൂടെ പഠിച്ച ഒരു പെണ്‍കുട്ടി.
പത്താം ക്ലാസ് കഴിഞ്ഞ ഉടനെ അവളുടെ വിവാഹവും കഴിഞ്ഞു . റിസള്‍ട്ട് വന്നപ്പോള്‍ ക്ലാസ്സില്‍ നല്ല മാര്‍ക്ക് കിട്ടിയവരുടെ കൂട്ടത്തില്‍ അവളുടെ പേരും ഉണ്ടായിരുന്നു .
അത് കഴിഞ്ഞു അവള്‍ പഠിച്ചോ എന്നൊന്നും അറിയില്ല
കഴിഞ്ഞ ആഴ്ച അവളെ അവിചാരിതമായി കണ്ടപ്പോള്‍ രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു കൂടെ ...

Anonymous said...

ഇതിപ്പോള്‍ പാവങ്ങളുടെ ഇടയില്‍ മാത്രമേ ഉള്ളു...എങ്കിലും ഗൌരവമായി ചിന്തിക്കേണ്ടതുണ്ട്....

AMBUJAKSHAN NAIR said...

ഹൈദരാബാദില്‍ എണ്‍പത് വയസ്സുള്ള ഒരു അറബിക്ക് പതിമൂന്നു വയസുള്ള പെണ്ണിനെ നിക്കാഹു ചെയ്തു കൊടുത്ത കഥ പത്രത്തില്‍ വായിച്ചിട്ടുണ്ട്. എന്താണ് നിക്കാഹ് എന്ന് പോലും അറിയാത്ത ആ പെണ്‍കുട്ടി അറബി അപ്പുപ്പന്‍ എന്തൊക്കെയോ ചെയ്തു ഒടുവില്‍ കൈ നിറയെ പണവും നല്‍കി സ്ഥലം വിട്ടു.
നമുക്ക് പിഴച്ചത് എവിടെയാണ് ...?

Sneha said...

ഗോവിന്ദ ചാമിമാരെ പേടിച്ചു ഇങ്ങനെ വിവാഹം നടത്തിയിട്ട് എന്താ കാര്യം..? അതിപ്പോ കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും കണക്കു തന്നെ...ആ കുട്ടിയെ ഈ സമുഹത്തില്‍ ധൈര്യത്തോടെ ജീവിക്കാനുള്ള വഴി കാണിച്ചു കൊടുകുകയാണ് ആ സുഹൃത്ത് ചെയ്യേണ്ടിരുന്നത്. ഇനി ആ കുട്ടിയെ ദൈവം തന്നെ കാത്തോള്ളട്ടെ..!!

Related Posts Plugin for WordPress, Blogger...